കേരളത്തിലെ സർക്കാർ ജീവനക്കാർക്കു ഏക സംഘടന എന്ന ആശയം തകർത്തെറിഞ്ഞ 1964 നു ശേഷം കേരളത്തിലെ സർവ്വീസ് സംഘടനകളുടെ വേലിയേറ്റമാണുണ്ടായത്. ചെറുതും വലുതുമായി ഓരോ രാഷ്ട്രീയ പാർട്ടിക്കും കീഴിൽ സർവ്വീസ് സംഘടനകളുണ്ടായി. മാതൃ രാഷട്രീയ പാർട്ടി പിളരുമ്പോഴെല്ലാം സർവ്വീസ് സംഘടനകളും,പിളരുകയെന്ന പ്രക്രിയാവിശേഷം അവിരാമം തുടർന്നു.
കേരളത്തിലെ സർക്കാർ ജീവനക്കാരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മൊത്തമായി കണക്കു പറഞ്ഞു വീതിച്ചെടുത്ത അഭിശപ്തമായ ഒരു കാലഘട്ടത്തിൽ, മറ്റൊരു മാർഗ്ഗമില്ലാതെ ആത്മാഭിമാനപ്ര ചോദിതരായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ സംഘടനയാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ. ഇക്കാലയളവിൽ നിരവധി ചെറുപ്പക്കാർ സർവ്വീസിൽ കയറിയിരുന്നു. അവരുടെ ആദർശങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള സർവ്വീസ് സംഘടന മുദ്രാവാക്യങ്ങളോടൊ, പ്രവർത്തനങ്ങളോടൊ യോചിച്ചു പോകാൻ മനസ്സാ വാചാ കർമ്മണാ അനുവദിച്ചിരുന്നില്ല ഈ സാഹചര്യത്തിലാണ്
എന്തുകൊണ്ട്, രാഷ്ട്രീയ അതിപ്രസരണത്തിനപ്പുറം ആദർശമുള്ള ജീവനക്കാരുടെ ഒരു സംഘടനയായി കൂടാ..? എന്ന ചിന്തയിൽ 1980 ഡിസംബർ 28 നു കോഴിക്കോട് കൽപ്പക ഓഡിറ്റോറിയത്തിൽ വച്ച് PM കോയായുടെയും, ഹലീൽ റഹ്മാൻ്റെയും നേതൃത്വത്തിൽ സമാന ചിന്താഗതിയുള്ള 17 ഉദ്യോഗസ്ഥർ ഒന്നിച്ചുള്ള കൂടിയത്.
അവിടെ വച്ച് ശ്രീ. MC ഇബ്രാഹിം വടകര ചെയർമാനായും, ഹലീൽ റഹ്മാൻ കൺവീനറുമായി
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (SEU) എന്ന സർവ്വീസ് സംഘടനയുടെ അഡ്ഹോക്കു കമ്മറ്റി രൂപീകരിക്കപ്പെട്ടു.
സംഘടന പിറവിയെടുക്കുന്നതിനു പിന്നിൽ മറ്റൊരു ചേതോവികാരം കൂടിയുണ്ട്. സാധാരണക്കാരും, താരതമ്യേന നിരക്ഷരരും, സർക്കാർ സംവിധാനങ്ങളെക്കുറിച്ച് അജ്ഞരുമായ ന്യൂനപക്ഷ- പിന്നോക്ക ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ അവരുടെ ജീവൽ പ്രധാനമായ ആവശ്യങ്ങളുമായി സർക്കാർ ഓഫീസുകളിൽ എത്തുമ്പോൾ ആവശ്യമായ സഹായം ലഭിക്കാതെ നിഷേധാത്മക സമീപനത്തോടെ, ഉദ്യോഗസ്ഥർ പെരുമാറിയിരുന്ന ഒരു കാലത്ത്, കുത്തക സംഘടനകളുടെ ഭാഗമായിരുന്ന ഇത്തരം ജീവനക്കാരോട്, ഭരണകൂടങ്ങൾ പോലും, കരുതലോടെഇടപ്പെട്ടിരുന്ന അഭിശപ്തമായ പശ്ചാത്തലത്തിൽ സാധാരണക്കാരോട് അനുഭാവപൂർവ്വവും, കാരുണ്യത്തോടെയും ഇടപെഴകാൻ തയ്യാറുള്ള ചുരുങ്ങിയ പക്ഷം അവരെ ഒന്ന് പരിഗണിക്കുകയെങ്കിലും ചെയ്യുന്ന ഒരു സമൂഹത്തെ സിവിൽ സർവ്വീസിൽ വളർത്തി കൊണ്ടുവരണമെന്ന ചിന്താഗതിയും, SEU രൂപീകരണത്തിനു ഹേതുവായി ഭവിച്ചു.
സംഘടന രൂപീകരണത്തിനു ശേഷം ഒരു വർഷം കൊണ്ടു തന്നെ 1982ൽ യൂണിയൻ്റെ ഭരണഘടനയും, പതാകയും തയ്യാറാക്കി മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ശ്രീ. MC ഇബ്രാഹിം വടകര പ്രസിഡൻ്റായും, ഹലീൽ റഹ്മാൻ ജനറൽ സെക്രട്ടറിയായും, KM കോയാമു ട്രഷറർ ആയും പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.
പതിറ്റാണ്ടുകൾക്കു ശേഷവും, ജീവനക്കാരിൽ സാമൂഹ്യ പ്രതിബദ്ധതയും, കർത്തവ്യ ബോധവും, നിലനിറുത്തി വളർന്നു കേരളത്തിലെ സർവ്വീസ് മേഖലയിൽ മൂന്നാമത്തെ സംഘശക്തി പടർന്നു പന്തലിച്ചതിന്നു പിന്നിൽ ഒരു പാടു നായകൻമാരും, കർമ്മനിരതരായ പ്രവർത്തകരുടെയും ചോരയും, നീരുമൊഴുക്കിയതിൻ്റെ പ്രതിഫലനമാണ്.
സംഘടനയുടെ കഴിഞ്ഞ കാല വളർച്ചയുടെ പാന്ഥാവിലെന്നും ഭരിക്കുന്നവരുടെ മുഖം നോക്കാതെ ഏതു ഭരണ കാലത്തും, ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടും, പത്രങ്ങളിൽ പ്രതികരിച്ചും, സജീവ സാന്നിദ്ധ്യമായി മുന്നേറി,പിറവിയെടുത്ത്, 4 പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ നിരവധി പോരാട്ടങ്ങളിലൂടെയും, സമ്മർദ്ധങ്ങളിലൂടെയും, ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാൻ സംഘടനക്കു കഴിഞ്ഞിട്ടുണ്ട് …
ജീവനക്കാർക്കനുവദിച്ച പല അവകാശങ്ങളുടേയും, ആനുകൂല്യങ്ങളുടെയും ഉത്തരവുകളിലും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ്റെ ആവശ്യപ്രകാരമെന്നോ, നിർദ്ദേശപ്രകാരമെന്നോ പ്രത്യേകം രേഖപ്പെടുത്തിയ സർക്കാർ ഉത്തരവുകൾ കാണാൻ കഴിയും.
പാർശ്വവൽക്കരിക്കപ്പെട്ട പിന്നോക്ക -ദലിത വിഭാഗങ്ങൾക്കു സ്പെഷൽ റിക്രൂട്ട്മെൻ്റ് എന്ന യാവശ്യം കേരളത്തിലാദ്യമായി ഉയർത്തിയത് SEU സംഘശക്തിയാണ്.
ഏറ്റവും അവസാനമായി കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണതത്വം അട്ടിമറിച്ചപ്പോഴും, സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചപ്പോഴും നിയമപോരാട്ടങ്ങളിലൂടെ പുന:സ്ഥാപിക്കാൻ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ SEU ആണ് മുന്നിട്ടിറങ്ങിയത്.
നാലു പതിറ്റാണ്ടിനിപ്പുറം ഉത്പതിഷ്ണുക്കൾ വിഭാവനം ചെയ്തതിനപ്പുറം, അവകാശ പോരാട്ടങ്ങൾക്കൊപ്പം സേവനത്തിൻ്റെയും, സാമൂഹ്യ പ്രതിബദ്ധതയും സർവ്വോപരി തങ്ങളുടെ ജീവനാംശത്തിലൊരു വിഹിതം സമൂഹത്തിലെ, നിർദ്ധനരും, അശരണർക്കുമായി, ഭവനങ്ങളും, ചികിൽസാധന സഹായങ്ങളുമായി വ്യതിരിക്ത പ്രവർത്തനങ്ങളിലൂടെ കേരളത്തിനു മാതൃകയായി മാറാൻ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയനു കഴിഞ്ഞിട്ടുണ്ട്